✍ Sanjay Menon
കുട്ടികളുടെ പാർക്കുകളിൽ നമ്മൾ കണ്ട് ശീലിച്ചതിൽ നിന്ന് വ്യത്യസ്തമായി ലോകത്തിലെ ഏറ്റവും വലിയ ഊഞ്ഞാൽ സ്ഥിതിചെയ്യുന്നത് തായ്‌ലൻഡിലെ ബാങ്കോക്കിൽ ആണ്.
27 മീറ്റർ ഉയരമുള്ള ചരിത്രപശ്ചാത്തലം ഉള്ള ഊഞ്ഞാൽ ബാങ്കോക്കിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ്. 1784 ൽ ആണ് ഇന്ന് കാണുന്ന രീതിയിൽ തായ്‌ലൻഡിലെ രാജാവ് രാമ ഒന്നാമൻ ഭീമൻ ഊഞ്ഞാൽ പുനർനിർമിച്ചത്. ദേവസ്ഥാനം എന്നറിയപ്പെടുന്ന ഹിന്ദു ക്ഷേത്രത്തിന് സമീപത്താണ് ഇന്ന് കാണുന്ന ഊഞ്ഞാൽ ഉള്ളത്.ബ്രഹ്മാവ് ഭൂമിയെ സൃഷ്ടിച്ച ശേഷം ഭൂമിയുടെ ഉറപ്പ് പരീക്ഷിക്കാൻ വേണ്ടി കൈലാസത്തിൽ ഇരുന്ന ശിവൻ നാഗങ്ങളെ കൊണ്ട് കൈലാസം വരിഞ്ഞു മുറുക്കി ഭൂമിയെ ഇളക്കാൻ ശ്രമം നടത്തിയത്രെ. ഇ പുരാണകഥയാണ് തായ്‌ലൻഡിൽ ഭീമൻ ഊഞ്ഞാൽ നിർമിക്കാൻ കാരണമായത്.
മഹാവിഷ്ണു അവതാരമായി തായ്‌ലൻഡ് ജനങ്ങൾ കാണുന്ന ചക്രി രാജാക്കന്മാരുടെ ഹിന്ദു പുരോഹിതർ നേതൃത്വം നൽകുന്ന തൃപ്പാവൈ എന്ന ചടങ്ങുകൾ എല്ലാ വർഷവും ഊഞ്ഞാലിനോട് ചേർന്ന് 1935 വരെ ആഘോഷിച്ചിരുന്നു.
ദേവന്മാരെ ഭൂമിയിലേക്ക് ആനയിക്കാൻ ഊഞ്ഞാലിൽ കയറി ആടുന്ന പുരോഹിതർ ഹോമങ്ങളും മന്ത്രങ്ങളും ഉരുവിടും. ഇത് കാണാൻ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ജനങ്ങൾ എത്തിച്ചേർന്നിട്ടുണ്ടാകും.
പിൽക്കാലത്ത് നിരവധി അപകടങ്ങൾ പതിവായതോടെ ആഘോഷം പതിയെ നിർത്തലാക്കി. അതിനിടെ ഇടിമിന്നലിൽ ഊഞ്ഞാലിൽ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
2005 ൽ യുനെസ്കോ ഹെറിറ്റേജ് പട്ടികയിലേക്ക് തിരഞ്ഞെടുത്ത ഊഞ്ഞാൽ അറ്റകുറ്റപ്പണികൾ നടത്തി ഭൂമിബോൽ അതുല്യതേജ് രാജാവ് 2007 ൽ രാജ്യത്തിനു സമർപ്പിച്ചു.
No comments:
Post a Comment