മലയാളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സഹായ പോര്‍ട്ടലിലേക്ക് സ്വാഗതം
ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സ് ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ അവസാനത്തെ ബഹുജനസമരം ? ക്വിറ്റ് ഇന്ത്യാ സമരം
JOIN WITH ENTEVIDYALAYAM
JOIN WITH ENTEVIDYALAYAM

സ്വർഗീയ സുഗന്ധം


Theertha S
സ്വ
ര്‍ണ്ണത്തെക്കാള്‍ വിലയുള്ള മരക്കഷ്ണമുണ്ടന്ന് സങ്കല്‍പിക്കാന്‍ കഴിയുന്നുണ്ടോ? എങ്കില്‍ ഉണ്ട്. ആ മരമാണ് ഊദ്. വിശുദ്ധവും ദൈവികവുമായ ഒരു ഗന്ധമാണ് ഊദ്. എന്നാല്‍, ആ ഗന്ധം അറിയണമെങ്കില്‍ സ്വര്‍ണ്ണം പുകക്കുന്ന ചെലവുവരും.
കോഴിക്കോട് നഗരത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ 'ഊദും ഊദിന്റെ അത്തറും' എന്ന ബോര്‍ഡ് കാണാത്തവരില്ല. ഒരു സുഗന്ധദ്രവ്യം എന്നാശ്വസിച്ച് കടന്നുപോകുന്നവര്‍ പക്ഷെ കൗതുകത്തിന്റെ കലവറയായ ഊദ് എന്താണെന്ന് അറിയുന്നതേയില്ല. കിലോക്ക് ഒരു ലക്ഷം രൂപ വരെ വിലയുള്ള ഊദ് കോഴിക്കോട്ടെ ചില കടകളില്‍നിന്നു ലഭിക്കും.
ഊദ് അഥവാ അഗര്‍ ഒരു സുഗന്ധദ്രവ്യ മരമാണ്. ഈ മരങ്ങള്‍ സാധാരണയായി കാണപ്പെടുന്നത് സൗത്ത് ഏഷ്യന്‍ കാടുകളിലാണ്. ഇന്ന് കേരളത്തിലും ഈ മരങ്ങള്‍ വ്യാപകമായി കൃഷി ചെയ്തുവരുന്നു.
അക്വിലേറിയ മരത്തില്‍നിന്നാണ് ഊദ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. അസമില്‍നിന്നാണ് ഇതിന്റെ ഉല്‍ഭവം എന്നു പറയപ്പെടുന്നു. ഫിയാലോഫോറ പാരസൈറ്റിക്ക എന്ന ഒരു പൂപ്പല്‍ അക്വിലേറിയ മരത്തില്‍ പറ്റിപ്പിടിക്കുമ്പോള്‍ അത് സുഗന്ധമുള്ള ഒരു പദാര്‍ഥം ഉല്‍പാദിപ്പിക്കുന്നു. അതാണ് ഊദ് ആയി രൂപാന്തരപ്പെടുന്നത്.
ഊദിന്റെ മധുരതരമായ സുഗന്ധം വളരെ പ്രസിദ്ധമാണ്. ഊദ് എണ്ണ വിലകൂടിയതും ഡിമാന്റുള്ളതുമാണ്. അസാധാരണമായി കാണുന്നതും, അപൂര്‍വമായി കൃഷിചെയ്യുന്നതുമായ ഊദ് എണ്ണയാണ് ലോകത്ത് ഏറ്റവും വില കൂടിയ എണ്ണ.
ലോകത്തില്‍ ഊദിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ളത് അറേബ്യന്‍ നാടുകളിലാണ്. പെര്‍ഫ്യൂംസ്, കോസ്‌മെറ്റിക്‌സ്, മെഡിസിന്‍സ് തുടങ്ങിയവയായും ഊദ് ഉപയോഗിക്കുന്നു.
ഊദ് ഒരു കിലോ പട്ടക്ക് 25,000 രൂപ മുതല്‍ വിലയും അഗര്‍ ഓയിലിന് ഒരു കിലോക്ക് ഗ്രേഡ് അനുസരിച്ച് 10 ലക്ഷം രൂപ മുതല്‍ വിലയും ഉണ്ട്. അഗര്‍ മരത്തിന്റെ കായ്കള്‍ മെഡിസിനായും ഉപയോഗിക്കുന്നു.
പണ്ട്, പോസിറ്റീവ് എനര്‍ജിയെക്കുറിച്ചോ മാനസിക രോഗങ്ങളെക്കുറിച്ചോ വൈദ്യശാസ്ത്രം സിദ്ധാന്തങ്ങള്‍ ഉണ്ടാക്കുന്നതിനും മുമ്പ് ഒരു തടിക്കഷ്ണം പുകച്ചാല്‍ മനസ്സിനും ശരീരത്തിനും ഉന്മേഷം കിട്ടുമെന്ന് നമ്മുടെ പൂര്‍വികര്‍ കണ്ടുപിടിച്ചു. ആ തടിക്കഷ്ണമാണ് ഊദായി നമുക്കുമുന്നിലിരിക്കുന്നത്.
കാഴ്ചയില്‍ ഊദ് ചിതലെടുത്ത മരക്കഷ്ണംപോലെ തോന്നും. ഒരു പ്രത്യേക ഗന്ധവുമുണ്ടാകും. ഭാരം നന്നേ കുറവ്. കനലിലിട്ടാല്‍ കുന്തിരിക്കംപോലെ പുകയും. സ്വര്‍ഗീയമായൊരു സുഗന്ധം പരക്കും. ആ സുഗന്ധമേറ്റാല്‍ മനസ്സില്‍ ഊര്‍ജം നിറയും. രോഗം മാറുമെന്ന വിശ്വാസം. അങ്ങനെ ചരിത്രാതീത കാലംമുതല്‍ കടന്നുവന്ന അത്ഭുതമായി നമുക്കുമുന്നിലിരിക്കുകയാണ് ഊദ്.
ഇന്ത്യ, ഇന്തോനേഷ്യ, കംബോഡിയ, മലേഷ്യ തുടങ്ങിയ ചുരുക്കം രാജ്യങ്ങളിലാണ് ഊദിന്റെ ഉല്‍പാദനമുള്ളത്. ഇന്ത്യയില്‍, അസമില്‍ മാത്രമെ ഊദ് കിട്ടുന്നുള്ളൂ. അറബികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഊദും ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്.
ടിബറ്റുകാര്‍ പൗരാണിക കാലംമുതല്‍ പ്രാര്‍ഥിക്കാന്‍ ഊദ് പുകക്കുമായിരുന്നു. പ്രാര്‍ഥന മനസ്സിന് ഊര്‍ജം പകരുമ്പോള്‍ ഊദിന്റെ സുഗന്ധം ആത്മീയമായ ഉണര്‍വുനല്‍കുമെന്ന് ബുദ്ധമതം പറയുന്നു. ദൈവത്തിന്റെ സ്വന്തം മരം എന്നാണ് ഊദ് അറിയപ്പെടുന്നത്.
ആയുര്‍വേദം, യൂനാനി, ടിബറ്റന്‍ ചൈനീസ് പാരമ്പര്യ ചികിത്സാരീതികള്‍ എന്നിവയില്‍ മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള പ്രാധാന ഔഷധമായി പറയുന്നത് ഊദാണ്.
എട്ടാം നൂറ്റാണ്ടില്‍ ഈജിപ്തില്‍ മൃതദേഹങ്ങള്‍ മമ്മിയാക്കാനും ഊദ് വാറ്റിയ തൈലം ഉപയോഗിക്കാറുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ബുദ്ധ ഭിക്ഷുക്കളും സൂഫിവര്യന്മാരും ഊദ് ഉപയോഗിച്ചിരുന്നു.
ജപ്പാനില്‍ നടത്തിയ ശാസ്ത്രീയമായ പരീക്ഷണങ്ങളില്‍ ചില പ്രത്യേക ഔഷധഗുണങ്ങള്‍ ഊദിനുണ്ടെന്നു കണ്ടെത്തി. ഊദ് മാനസികമായി ഉണര്‍വും ശാന്തതയും നല്‍കുകയും ഡിപ്രഷന്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. നെഗറ്റീവ് എനര്‍ജി മനുഷ്യശരീരത്തില്‍നിന്നും ഇല്ലാതാവുന്നു. ഇത് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ഉത്സാഹം കൂട്ടുകയും ചെയ്യുന്നു. നാഢീസംബന്ധമായ അവ്യവസ്ഥകള്‍ പരിഹരിക്കുന്നതോടൊപ്പം ശരീരത്തിലെ നാഢീഞരമ്പുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുകയും ചെയ്യുന്നു.
അപസ്മാരം, സന്ധിവാതം, പ്രസവാനന്തരം ഉണ്ടാകുന്ന രോഗങ്ങള്‍, ശ്വസനസംബന്ധിയായ പ്രശ്‌നങ്ങള്‍, ആസ്മ, കാന്‍സര്‍, കരള്‍രോഗം, വാര്‍ധക്യ പ്രശ്‌നങ്ങള്‍ തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ക്ക് ഊദ് മരുന്നായി ഉപയോഗിച്ചിരുന്നു. വിവധ ത്വക്കുരോഗങ്ങള്‍ക്ക് ഇന്നും അറബികള്‍ ഊദ് പുകക്കുകയാണു ചെയ്യുന്നത്. ഊദ് പുകക്കുന്ന ആരാധനാലയങ്ങള്‍ ആത്മീയത മാത്രമല്ല ഒരാളിന്റെ ശരീരത്തെയും മനസ്സിനെയും സ്വാധീനിക്കുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ആത്മാവിനുള്ള ഭക്ഷണമാണ് ഊദ് എന്നാണ് ഇസ്‌ലാം വിശ്വാസം. മനസ്സിനെ നിയന്ത്രിക്കാനും ചിത്തഭ്രമംപോലും ഇല്ലാതാക്കാനും ഊദിനു കഴിയുമെന്ന് വിശുദ്ധ ഗ്രന്ഥങ്ങള്‍ പറയുന്നു. അറബികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് ഊദ്. വീട്ടിലായാലും പൊതുസ്ഥലങ്ങളിലായാലും ഊദ് പുകച്ചുകൊണ്ടാണ് ഇവര്‍ ഒരു ദിവസം തുടങ്ങുന്നത്. ഊദിന്റെ അത്തറേ ഒട്ടുമിക്ക അറബികളും ഉപയോഗിക്കാറുള്ളൂ. ഇവിടുത്തെ പ്രാര്‍ഥനാലയങ്ങളിലെല്ലാം ഊദ് പുകക്കാറുണ്ട്. നമ്മുടെ നാട്ടില്‍ കുന്തിരിക്കം പുകക്കുന്നതുപോലെയാണ് അവര്‍ ഊദ് പുകക്കുന്നത്.
ഊദ് പുകക്കാന്‍ പ്രത്യേകം പാത്രമുണ്ട്. ഇതില്‍ കരിക്കട്ട കനലാക്കി ഊദ് അതിലിട്ടു പുകക്കുകയാണ് ചെയ്യുന്നത്. ജപ്പാനില്‍നിന്നും ചൈനയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ഒരുതരം കരിക്കട്ടയാണു കനലാക്കുന്നത്.
ഊദ് വാങ്ങാനെത്തുന്നവരില്‍ മലയാളികളാണു കൂടുതലെങ്കിലും ഊദ് പുകക്കുന്ന മലയാളികള്‍ വളരെ കുറവാണ്. ഗള്‍ഫിലേക്കു തിരിച്ചുപോകുമ്പോള്‍ അറബികള്‍ക്കു സമ്മാനിക്കാനാണ് ഭൂരിഭാഗംപേരും ഊദ് വാങ്ങുന്നത്.
ഒരുലിറ്റര്‍ ഊദിന്റെ അത്തറിന് ലക്ഷങ്ങള്‍ വിലവരും. മരത്തിന്റെ കാലപ്പഴക്കമാണ് ഊദിന്റെ വില നിശ്ചയിക്കുന്നത്. ആറായിരം മുതല്‍ പത്തുലക്ഷം വരെ വിലയുള്ള ഊദ് വില്‍പനക്കായുണ്ട്.
ഇത്രയും ആദായമുള്ള ഈ മരം നട്ടുവളര്‍ത്താന്‍ ബുദ്ധിമുട്ടാണ്. ഇന്ത്യയില്‍ ഊദ് വളരുന്ന ഏകസംസ്ഥാനം അസമാണ്. അവിടെ ഗോഹാട്ടി പ്രദേശങ്ങളിലെ കൊടു|ംവനങ്ങളിലാണ് ഊദ് കാണുന്നത്. ഊദ് മരത്തിന്റെ തൈ നമ്മുടെ മണ്ണിലും വളരും. എന്നാല്‍ ആ മരം സുഗന്ധദ്രവ്യമാകണമെങ്കില്‍ പിന്നെയും കടമ്പകളുണ്ട്. ഊദ് മരം സുഗന്ധദ്രവ്യമായി കിട്ടാന്‍ ശരാശരി 40 മുതല്‍ 50 വര്‍ഷംവരെ വളര്‍ച്ച ആവശ്യമുണ്ട്. ഇതിനെക്കാള്‍ പ്രാധാന്യമുണ്ട് ഊദ് മരം തുളക്കുന്ന ഒരുതരം വണ്ടിന്റെ സാന്നിധ്യം.
നാല്‍പതു വര്‍ഷത്തിലേറെ പഴക്കമാകുമ്പോള്‍ ഊദ് മരത്തിന്റെ തൊലിപൊട്ടി ഒരു ദ്രാവകം പുറത്തേക്കുവരും. ഈ ദ്രാവകത്തിനു പ്രത്യേക സുഗന്ധമുണ്ട്. ഇതു പ്രത്യേകതരം വണ്ടുകളെ മരത്തിലേക്ക് ആകര്‍ഷിക്കുന്നു. ഈ വണ്ടുകളാണ് യഥാര്‍ഥത്തില്‍ ഊദ് ഉണ്ടാക്കുന്നത്. ഊദ് മരത്തിലെത്തിയാല്‍ ഈ വണ്ടുകള്‍ തേനീച്ചകളെപ്പോലെ കൂടുകൂട്ടാന്‍ തുടങ്ങും. മരംതുളച്ച് കാതലിനുള്ളിലാണ് ഇവയുടെ സഹവാസം. ഈ വണ്ടുകള്‍ ഉല്‍പാദിപ്പിക്കുന്ന ഒരുതരം എന്‍സൈം ഊദ് മരത്തില്‍ ഒരുതരം പൂപ്പല്‍ബാധയുണ്ടാക്കുന്നു. മാത്രമല്ല, ഊദ് മരത്തിന്റ കാതല്‍ വിവിധ രൂപങ്ങളിലായി പൊടിഞ്ഞുമാറുകയും ചെയ്യുന്നു. ഈ പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ ഊദ് മരം വലിയ ചിതല്‍പ്പുറ്റുപോലെയാവും. ഈ മരക്കഷ്ണങ്ങളാണ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധദ്രവ്യമായ ഊദ്.
അസമിലെ ഉള്‍ക്കാടുകളില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഊദ് മരങ്ങള്‍ ഇപ്പോഴുമുണ്ട്. പക്ഷെ കൊടുംകാടിനുള്ളില്‍ ഇതു കണ്ടെത്തുക പ്രയാസമാണ്. ഊദിന്റെ വ്യാപാരസാധ്യതകള്‍ മനസ്സിലാക്കി ഇപ്പോള്‍ അസമില്‍ ഊദ് മരം നട്ടുപിടിപ്പിക്കുകയും കൃത്രിമമായി വണ്ടുകളെ കടത്തിവിടുകയും ചെയ്യുന്നു. എന്നാല്‍ പ്രകൃതിദത്തമായി കിട്ടുന്ന ഊദിന്റെ ഗുണമേന്മ ഇവക്കില്ല. ഗള്‍ഫിലെ സാധാരണക്കാരായ അറബികളാണ് ഇത്തരം ഊദ് വാങ്ങുന്നത്.
ഊദ് വാറ്റിയെടുക്കുന്ന അത്തറാണ് ഊദിന്റെ അത്തര്‍. കിലോ കണക്കിന് ഊദ് വാറ്റിയാലേ ഒരുലിറ്റര്‍ ഊദിന്റെ അത്തറുകിട്ടൂ. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിനു രൂപയാകും ഒരുലിറ്റര്‍ ഊദിന്റെ അത്തറിന്..
കടപ്പാട്

https://www.facebook.com/groups/1845790175748044/permalink/2565398970453824/

No comments:

Post a Comment

Flickr Images

JOIN OUR WHATSAPP GROUP